07:06am 21 May 2026
NEWS
ദൃഢമായ ഇന്ത്യൻ ഉപഭൂഖണ്ഡത്തിനുള്ളിൽ സൂക്ഷ്മ ഫലക ചലനങ്ങൾ സജീവം പുതിയ പഠനം
19/05/2026  08:41 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ദൃഢമായ ഇന്ത്യൻ ഉപഭൂഖണ്ഡത്തിനുള്ളിൽ സൂക്ഷ്മ ഫലക ചലനങ്ങൾ സജീവം പുതിയ പഠനം
HIGHLIGHTS

1 . Dr. Sunil P S

2 . M. S Rose

3 . Dr. K M Sreejith

കൊച്ചി: ഹിമാലയ പർവതനിരകളുടെ രൂപീകരണത്തിന് കാരണമായ ഇന്ത്യ-യുറേഷ്യൻ പ്ലേറ്റുകളുടെ കൂട്ടിയിടി ഏകദേശം 50 മുതൽ 55 ദശലക്ഷം വർഷങ്ങൾക്ക് മുൻപ്പാണ് ആരംഭിച്ചത്. അതിനുശേഷം ഇന്ത്യൻ ടെക്‌ടോണിക് പ്ലേറ്റ് വടക്ക് കിഴക്ക് ദിശയിലേക്ക് വർഷത്തിൽ ഏകദേശം 50 മില്ലിമീറ്റർ വേഗത്തിൽ നീങ്ങികൊണ്ടിരിക്കുകയാണെന്ന് വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ ഇന്ത്യൻ പ്ലേറ്റ് പൂർണ്ണമായും കാഠിന്യമുള്ള ഏകഫലകമാണെന്ന ദീർഘകാല ശാസ്ത്രീയ ധാരണയെ ചോദ്യം ചെയ്യുന്ന പുതിയ പഠനമാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

പ്രശസ്ത അന്താരാഷ്ട്ര ശാസ്ത്ര ജേർണലായ ജിയോഫിസിക്കൽ ജേർണൽ ഇന്റർനാഷണലിൽ (Geophysical Journal International) പ്രസിദ്ധീകരിച്ച പുതിയ ഗവേഷണത്തിൽ ഇന്ത്യൻ പ്ലേറ്റിനുള്ളിൽ അളക്കാവുന്ന രീതിയിലുള്ള ആഭ്യന്തര രൂപവത്കരണങ്ങൾ (Intraplate Deformation) നടക്കുന്നതായി ജിയോടെറ്റിക്, ജിയോഫിസിക്കൽ തെളിവുകളുടെ അടിസ്ഥാനത്തിൽ വ്യക്തമാക്കുന്നു.

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) മറൈൻ ജിയോളജി ആൻഡ് ജിയോഫിസിക്സ് വകുപ്പ് മേധാവി പ്രൊഫ. പി എസ് സുനിലിന്റെ നേതൃത്വത്തിൽ ഗവേഷക വിദ്യാർത്ഥിനി എം. എസ് റോസ്, അഹമ്മദാബാദ് സ്പേസ് ആപ്ലികേഷൻ സെന്ററിലെ (SAC-ISRO) ശാസ്ത്രജ്ഞൻ ഡോ. കെ എം ശ്രീജിത്ത്, അഹമ്മദാബാദ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലെ (AAI) ഡോ. എസ്. സുണ്ട എന്നിവർ ചേർന്നാണ് ഈ ഗവേഷണം നടത്തിയത്. ഇതിൽ പ്രൊഫ. സുനിൽ, ഡോ. ശ്രീജിത്ത്, റോസ്, മൂവരും മലയാളികളാണ്.

ഈ ഗവേഷണത്തിൽ ഇന്ത്യയിലുടനീളമുള്ള വിമാനത്താവളങ്ങളിലെയും മറ്റു സ്ഥലങ്ങളിലെയും 34 സ്ഥിരമായ ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം (cGPS) സ്റ്റേഷനുകളിൽനിന്ന് ലഭിച്ച അത്യന്തം കൃത്യതയുള്ള ഡാറ്റയാണ് ഉപയോഗിച്ചത്. ഇതിൽ, ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ISRO യും AAI യും സംയുക്തമായി നടപ്പിലാക്കിയ GPS-Aided GEO Augmented Navigation (GAGAN) ശൃംഖലയിലെ 15 സ്റ്റേഷനുകളും ഉൾപ്പെട്ടിരിക്കുന്നു. കുറഞ്ഞത് മൂന്ന് വർഷത്തേക്ക് തുടർച്ചയായി ശേഖരിച്ച നിരീക്ഷണ വിവരങ്ങളാണ് ഈ ഡാറ്റാസെന്ററിൽ ഉൾപ്പെടുത്തിയിരുന്നത്.

ഗവേഷണത്തിൽ ഇന്ത്യൻ പ്ലേറ്റിന്റെ പുതുക്കിയ ഓയിലർ പോൾ (Euler Pole) നിർണ്ണയിക്കുകയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളിലെ ഭൂചലന സ്വഭാവം വിലയിരുത്തുകയും ചെയ്തു. പ്രത്യേകിച്ച് സെൻട്രൽ ഇന്ത്യൻ ടെക്ടോണിക് മേഖലയിലെ നർമ്മദ സോൺ ലീനിയമെന്റിന്റെ വടക്കുഭാഗത്തുള്ള പ്രദേശങ്ങൾ, താരതമ്യേന സ്ഥിരതയുള്ള തെക്കൻ മേഖലയെ അപേക്ഷിച്ച് വ്യത്യസ്തമായ ചലന സ്വഭാവം പ്രകടിപ്പിക്കുന്നതായി കണ്ടെത്തി. ഇന്ത്യൻ പ്ലേറ്റ് പൂർണ്ണമായും കാഠിന്യമുള്ള ഘടകമല്ലെന്ന വാദത്തിന് ഈ കണ്ടെത്തൽ കൂടുതൽ ശക്തി നൽകുന്നു.

ഇന്ത്യൻ പ്ലേറ്റിനുള്ളിലെ ഇത്തരം സൂക്ഷ്മ രൂപവത്കരണങ്ങൾ ഹിമാലയ മേഖലയിലെ ഇന്ത്യ- യുറേഷ്യൻ പ്ലേറ്റ് കൂട്ടിയിടിയുടെ ദൂരപ്രഭാവങ്ങളാകാമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. ദീർഘകാലംകൊണ്ട് ഇത്തരം സമ്മർദ്ദങ്ങൾ ഭൂകമ്പ സാധ്യതകളെ സ്വാധീനിക്കാമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

മുൻപ് നടന്ന ചില GPS പഠനങ്ങൾ ഇന്ത്യൻ പ്ലേറ്റ് കൂടുതലായും കാഠിന്യമുള്ള ഘടകമാണെന്ന് സൂചിപ്പിച്ചിരുന്നുവെങ്കിലും പുതിയ ഉയർന്ന കൃത്യതയുള്ള cGPS നിരീക്ഷണങ്ങൾ പ്ലേറ്റിനുള്ളിലെ സൂക്ഷ്മ ചലനങ്ങൾ കൂടുതൽ വ്യക്തമായി രേഖപെടുത്തുന്നുവെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.

മില്ലിമീറ്റർ തലത്തിലുള്ള ചലനങ്ങൾ പോലും കൃത്യമായി രേഖപ്പെടുത്താൻ കഴിയുന്ന ആധുനിക GPS സാങ്കേതിക വിദ്യ ഭൂശാസ്ത്ര ഗവേഷണരംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിച്ചിരിക്കുകയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഭൂകമ്പ അപകട നിർണ്ണയം, ജിയോടെറ്റിക് റഫറൻസ് ഫ്രെയിം വികസനം, ജിയോഡൈനാമിക് മോഡലിംഗ് തുടങ്ങിയ മേഖലകളിൽ ഈ പഠനം നിർണായക സംഭാവന നൽകുമെന്നാണ് പ്രതീക്ഷ.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img